Friday, 19 April 2013

ആ കേരളം ഇന്നില്ല; വീണ്ടെടുക്കണം

കേരളം വേനൽച്ചൂടിൽ വെന്തുരുകുന്നു-  മാധ്യമങ്ങളിലെ ഇപ്പോഴത്തെ പ്രമേയം മുഖ്യമായും ഇതാണ്. ചർച്ച ചൂടുപിടിക്കുന്നതിനൊപ്പം രക്ഷകരായി, പരിഹാരത്തിനായി സർക്കാർ ബദ്ധപ്പെട്ടിറങ്ങുന്നതിന്റെ ബഹളങ്ങളും റിപ്പോർട്ട്‌ ചെയ്യപ്പെടുന്നു. അങ്ങനെ മാധ്യമങ്ങളും സർക്കാരുമൊന്നിച്ചു പതിവുപോലെ ഈ തീ വിഷയവും ആഘോഷിക്കുന്നു.  കന്നുകാലികളോടൊപ്പം  മിണ്ടാപ്രാണികളായ പീഡിതജനം ദാഹിച്ചും വിയർത്തും  പൊള്ളലേറ്റും  ഗതികിട്ടാതെ വലയുന്നു. ഭരണം എതാവട്ടെ, തങ്ങൾക്കു വിധിച്ചത് ദുരിതംതന്നെയെന്നു കരുതി മഴക്കാലത്തിനായി വേഴാമ്പലുകളെപ്പോലെ കാത്തുകിടക്കുകയാണവർ. 

ഏതു കേരളത്തെക്കുറിച്ചാണു നാം വേവലാതിപ്പെടുന്നത്? ആ വാക്ക് അർത്ഥമാക്കുന്ന ഭൂമി ഇന്നില്ല. അതിന്റെ    നാശം പൂർണമായിട്ടു കാലമേറെയായി. മലകളും പുഴകളും കാടും കാട്ടാറും വയലുകളും നെൽകൃഷിയും കായലുകളും നീർത്തടങ്ങളും മഴയും ഞാറ്റുവേലയും നെല്ലും കേരവൃക്ഷങ്ങളും ഗ്രാമങ്ങളുടെ പ്രശാന്തതയിൽ ഇടചേര്ന്നു മനോഹരമായിരുന്ന ആ കേരളം ഇന്ന് ഓർമ മാത്രമായില്ലേ?

എങ്ങനെയാണ് ഈ അവസ്ഥ വന്നുപെട്ടത്? ഓർക്കാപ്പുറത്തു സംഭവിച്ച ദൈവശാപമാണോ ഇത്? ക്ഷണിച്ചുവരുത്തിയ പ്രകൃതികോപമോ? അധികാരത്തിന്റെ ഒത്താശയ്ക്കു കീഴിൽ കൊല്ലുന്ന പണക്കൊതി തീർത്ത  ദുരന്തമാണിതെന്നതിൽ  ആർക്കും  സംശയമില്ല.  ഈ രണ്ടു ശക്തികളും ചേർന്ന് കേരളമെന്ന സ്വർഗഭൂമിയെ നരകമാക്കി മാറ്റുകയായിരുന്നു. വൃക്ഷങ്ങൾ വെട്ടിമാറ്റിയും കാടുകൾ നശിപ്പിച്ചും ഓരോ കുന്നും മുണ്ഡനം ചെയ്യാൻ തുടങ്ങിയിട്ടു വർഷങ്ങളായി. വയലേലകൾ മണ്ണിട്ടുമൂടി കോണ്ക്രീറ്റ് കെട്ടിടങ്ങൾ പണിതു. നാടിന്റെ നെല്ലറകളായിരുന്ന    കുട്ടനാടും പാലക്കാടും നശിച്ചുകൊണ്ടിരിക്കുന്നു. ഉറവവറ്റിയും മണൽ മാഫിയകളുടെ കൈയേറ്റത്തിനിരയായും പുഴകൾ കണ്ണീർചാലുകളായി . സാർവത്രികമായ നശീകരണത്തിന് നിയമത്തിന്റെ കുടപിടിച്ചത്, നമ്മെ മാറിമാറി ഭരിച്ച ഭരണകൂടങ്ങളായിരുന്നില്ലേ? ആർക്കുവേണ്ടിയായിരുന്നു ഇത്? ഇവിടുത്തെ ദരിദ്ര കോടകൾക്കു വേണ്ടിയായിരുന്നോ? തീർച്ചയായും, ദുരിതമനുഭവിക്കുന്ന സാധാരണക്കാർക്ക് വേണ്ടിയായിരുന്നില്ല. പകരം, ഭൂമാഫിയകൾക്കും പണക്കാർക്കും വേണ്ടിയായിരുന്നു. അധികാരത്തിലേറ്റുന്നത് ദരിദ്രജനമാണെന്നത്  വാസ്തവം! അവരെ കക്ഷിപക്ഷപാതത്തിന്റെ മോഹനവലയത്തിൽ തളച്ചിടാൻ ഓരോ കക്ഷിക്കും സാധിച്ചു.  എല്ലാ പാർട്ടികളുടെയും നിലനില്പ് ഈ ആകർഷണമാണെന്ന് നേതൃത്വം തിരിച്ചറിയുന്നു. പക്ഷെ, ജനത്തിനു തങ്ങളുടെ വില ഒരിക്കലും തിരിച്ചറിയാനാവുന്നില്ല. 

എന്നാൽ, കേരളത്തിനു സ്വന്തമായിരുന്ന കേരളീയതയ്ക്കെതിരെ നടന്ന  നിഷ്ടൂരമായ ബാലാത്കാരം കൈയുംകെട്ടി നോക്കിനില്ക്കാൻ ഓരോ കേരളീയനും എങ്ങനെ സാധിച്ചു? മലയാളഭാഷയെ കൈയൊഴിഞ്ഞ ഒരു ജനതയ്ക്ക് സ്വന്തം നാടിന്റെ സത്തയും പ്രശ്നമായില്ലെന്നു വന്നുവെന്നോ? ഈ അതിക്രമങ്ങക്കെതിരെ എന്തുകൊണ്ടു സമൂഹമനസാക്ഷി ഉണർന്നെഴുന്നേറ്റില്ല? കേരളത്തിന്റെ ശരീരഭാഗങ്ങളിൽ ഓരോന്നിലും പണക്കൊതി പിടിമുറുക്കിയിട്ടും അവർ എന്തുകൊണ്ടു നിശ്ശബ്ദരായിനിന്നു? കാട് നശിപ്പിക്കുന്നതിനും വയൽ നികത്തുന്നതിനും മണൽ വാരി പുഴയെ കൊല്ലുന്നതിനും നീർത്തടങ്ങൾ മണ്ണിട്ടുമൂടുന്നതിനും എതിരെ കർശനമായ നിയമങ്ങൾ നടപ്പാക്കാൻ രാഷ്ട്രീയക്കാരോ മതവിഭാഗങ്ങളോ പൊതുസമൂഹമോ ശക്തമായ സമ്മർദ്ദം എന്തുകൊണ്ടു ചെലുത്തുന്നില്ല? കക്ഷിപക്ഷപാതങ്ങളും ഭരണപക്ഷം വീതിച്ചുനല്കുന്ന ജീവിതസൗകര്യങ്ങളും അത്രമാത്രം അവരെ സ്വാധീനിച്ചുവെന്നോ? മത-ദൈവ വിഷയങ്ങളിൽ സംഘടിച്ചു പ്രവർത്തിക്കുന്ന വിശ്വാസികളുടെ വൻകൂട്ടായ്മകൾ ഇവിടെയുണ്ട്. നാടിന്റെ ഇത്തരം ജീവൽപ്രശ്നങ്ങളിൽ എന്തുകൊണ്ട് അവരും താല്പര്യം കാണിച്ചില്ല?പരസ്പരമുള്ള ഗ്രൂപ്പ് വഴക്കുകൾക്കു നല്കുന്ന പ്രാധാന്യംപോലും ഒരു വിഭാഗത്തിൽനിന്നും ഉരുത്തിരിഞ്ഞു കണ്ടില്ല? സാംസ്കാരിക കൂട്ടായ്മകളുടെ കാര്യവും ഇതിൽനിന്നും വ്യത്യസ്ഥമല്ല. എല്ലാവരും അർത്ഥഗർഭമായ മൗനംകൊണ്ടും അലസമനോഭാവംകൊണ്ടും ജന്മനാടിന്റെ തിരോധാനത്തിനു കാരണക്കാരായവർക്കു കൂട്ടുനില്ക്കുകയായിരുന്നു. 

നിശ്ചയ ദാർഡ്യ മുള്ള, ഭാവനാസമ്പന്നതയുള്ള സർക്കാരുകൾക്ക് പുതിയ വികസന പ്രശ്നങ്ങളെ പ്രകൃതിക്കിണങ്ങുംവിധം സംയോജിപ്പിക്കാൻ സാധിക്കുമായിരുന്നില്ലേ? പ്രായോഗികമായ നിയമങ്ങൾകൊണ്ട് ഈ വിപത്ത് ഒഴിവാക്കാനും കഴിയുമായിരുന്നു. ജനപക്ഷത്തുനില്ക്കുന്ന   രാഷ്ട്രീയക്കാർക്കും അധികാരത്തിന്റെയും പണത്തിന്റെയും സൗകര്യം വേണ്ടെന്നുവെയ്ക്കാൻ തീരുമാനിക്കുന്ന മത-സാംസ്കാരിക കൂട്ടായ്മകൽക്കും മാതൃത്വത്തെ നിരാകരിക്കുന്ന ഈ ദുഷ്പ്രവണതയ്ക്കെതിരെ വലിയതോതിൽ ജനശക്തി സംഘടിപ്പിക്കുക സാധ്യമായിരുന്നു. പക്ഷെ, ഈ വഴിക്ക് ദുർബലമായ പാഴ്ശ്രമങ്ങൾമാത്രമേ കാണാനായുള്ളൂ! 

മലകളും പുഴകളും വനങ്ങളുമെല്ലാം ദൈവമഹിമയുടെ  ചിഹ്നങ്ങളാണ്. പ്രകൃതിയുടെ ഈ വരദാനങ്ങൾ കാത്തുസൂക്ഷിക്കേണ്ടതുണ്ടെന്ന്    എല്ലാ വേദഗ്രന്ഥങ്ങളും മനുഷ്യസമൂഹത്തെ ഉണത്തുന്നുമുണ്ട്. മാതൃഹൃദയംപോലെ നിഷ്കളങ്കമാണ് പ്രകൃതി. പ്രകൃതിയുടെ അന്തകർ മാതൃഹൃദയം ചുരത്തുന്ന മുലപ്പാലിന്റെ വിശുദ്ധി തിരിച്ചറിയാത്തവരാണ്. അതിനു നിയമത്തിന്റെ തണലൊരുക്കുന്നവരും അത് കണ്ടില്ലെന്നുവയ്ക്കുന്നവരുമായ നമ്മുടെ സമൂഹം ഒരേപോലെ അപരാധമാണ് ചെയ്യുന്നത്. 

നാട് ധീരമായ യുവത്വത്തിനുവേണ്ടി കേഴുന്ന സന്നിഗ്ധാവസ്ഥയാണിത്. പക്ഷെ, നമ്മുടെ യുവത്വം കോർപ്പറേറ്റ് മുതലാളിമാർ ഒരുക്കിയ ആഘോഷത്തിന്റെ കളിക്കളങ്ങളിൽ മഴനൃത്തമാടുകയോ കാണികളായി കൈയടിക്കുകയോ ചെയ്യുന്നു! കാലം ഉയർത്തുന്ന സാമൂഹികധർമം എന്തെന്നു തിരിച്ചറിയാനുള്ള വകതിരിവ് യുവത്വത്തിനു നഷ്ടമായപോലെയാണ്. വേനൽച്ചൂടിൽ പുളയുന്ന കേരളത്തിന്റെ ഉച്ചത്തിലുള്ള നിലവിളി ഒരു ജനതയുടെ നാശത്തെക്കുറിച്ചുള്ള  മുന്നറിയിപ്പാണ്. അധികാരമോഹമോ പണക്കൊതിയോ വിഭാഗീയ സങ്കുചിതത്വമോ ബാധിക്കാത്ത ഒരു സംഘബോധത്തിന്റെ ഉയിത്തെഴുന്നേല്പിന്മാത്രമേ സവനാശത്തിനുമുന്പ് കേരളത്തെ വീണ്ടെടുക്കാനാവൂ ..